NOTICE : No 5-day Retreats in the months of February and March 2024. For April Retreat Booking, please see the details at the bottom of the page.

പൈശാചികാടിമത്തങ്ങളില്‍നിന്നു മാമ്മോദീസാവഴി വിടുതല്‍ പ്രാപിച്ച്, ഈശോ പ്രഘോഷിച്ച ദൈവരാജ്യാനുഭവത്തിലേക്കു കടന്നുവരുന്നവരുടെ കൂട്ടായ്മയാണ് തിരുസ്സഭ. അവര്‍ ദൈവാത്മാവിനാല്‍ നയിക്കപ്പെട്ട്, മക്കള്‍ക്കടുത്ത സ്വാതന്ത്ര്യത്തോടെ ദൈവത്തെ ആബാ - പിതാവേ - എന്നു വിളിക്കുവാന്‍ പ്രാപ്തരായി, ഒരു ഹൃദയവും ഓരാത്മാവുമായി (അപ്പ 4:32) ജീവിക്കണം. സകല മനുഷ്യരേയും ഈ ദൈവരാജ്യാനുഭവത്തിലേക്ക് കൈപിടിച്ചാനയിക്കുവാനും, ദൈവമക്കളെന്ന നിലയില്‍ ദൈവത്തിന്‍െറ അവകാശികളും ക്രിസ്തുവിന്‍െറ കൂട്ടവകാശികളും (റോമ 8:17) ആയി അവരെ സംരക്ഷിച്ചു വളര്‍ത്തുവാനുമുള്ള ദൗത്യവും ഉത്തരവാദിത്തവുമാണ് തിരുസ്സഭയുടേത്. തിരുസ്സഭ ആ ദൗത്യം നിര്‍വ്വഹിക്കുന്ന വേദികളാണ് ഓരോ രൂപതയിലെയും ഇടവകകളും, പ്രത്യേകമായി സ്ഥാപിക്കപ്പെടുന്ന മൗണ്ട് നെബോ പോലെയുള്ള വൈവിധ്യമാര്‍ന്ന ശുശ്രൂഷാകേന്ദ്രങ്ങളും.
ശത്രുക്കളില്‍നിന്നും നമ്മെ വെറുക്കുന്നവരുടെ കൈയില്‍നിന്നും വിമോചിതരായി, നിര്‍ഭയം പരിശുദ്ധിയിലും നീതിയിലും എപ്പോഴും അവിടുത്തെ മുമ്പില്‍ ശുശ്രൂഷ ചെയ്യാന്‍ വേണ്ട അനുഗ്രഹം (ലൂക്കാ 1:71-75) നാം പ്രാപിക്കണം; ദൈവമക്കള്‍ക്കടുത്ത സ്വാതന്ത്ര്യത്തോടും അവകാശത്തോടുംകൂടെ ദൈവത്തെ ആബാ - പിതാവേ - എന്നു വിളിക്കുവാന്‍ നമുക്കോരോരുത്തര്‍ക്കും സാധിക്കണം. ഈ കാഴ്ചപ്പാടോടുകൂടെയാണ്, പുത്തനായി ആശീര്‍വദിച്ച ഭവനത്തിന് മൗണ്ട് നെബോ ആബാഭവനം എന്നു നാമകരണം ചെയ്തിരിക്കുന്നത്. സ്വന്തം ആലോചനകളെ പിന്തുടര്‍ന്നു കലഹിച്ചു വഴിതെറ്റി (ഏശ 65:2) പിതാവിന്‍റെ ഭവനം വിട്ടുപോയ ധൂര്‍ത്തനായ പുത്രന്‍ അനുതപിച്ചു തിരിച്ചുവന്നപ്പോള്‍ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു ചുംബിച്ചു സ്വീകരിക്കുന്ന പിതാവാണ് (ലൂക്കാ 15:20) ഈ ആബാഭവനത്തിന്‍റെ ചൈതന്യം. തിരുസഭയിലൂടെ നമുക്കായി തുറക്കപ്പെട്ടിരിക്കുന്ന ആബാ-പിതാവനുഭവത്തിന്‍റെ പശ്ചാത്തലത്തിലാണല്ലോ നാം ആഗോള സഭാതലവനെ പരിശുദ്ധ പിതാവ് എന്നും, രൂപതാദ്ധ്യക്ഷനെ അഭിവന്ദ്യ പിതാവ് എന്നും, വൈദികനെ അച്ചന്‍ എന്നും വിളിക്കുന്നത്.
പന്നിക്കൂട്ടില്‍ കിടന്ന ധൂര്‍ത്തനു എല്ലാവിധത്തിലും ഞെരുക്കവും നിസ്സഹായതയുമായിരുന്നു. പിതാവിന്‍റെ ഹിതം അവഗണിച്ചുനടന്ന് നാമും ധൂര്‍ത്തനെപ്പോലെ നിരവധിയായ ദു:ഖദുരിതങ്ങളില്‍ ചെന്നുപെട്ടിട്ടു്. നമ്മുടെ ഞെരുക്കങ്ങളും പ്രശ്നങ്ങളും പ്രതിസന്ധികളും കുറവുകളും ബലഹീനതകളും പാപങ്ങളും ബന്ധനങ്ങളും എന്തെല്ലാമായിരുന്നാലും, ദൈവത്തിന്‍റെ രാജ്യവും നീതിയും ആദ്യം അന്വേഷിക്കുമ്പോള്‍, നമുക്കാവശ്യമുള്ളതെല്ലാം അവിടുന്നു നമുക്കു കൂട്ടിച്ചര്‍ത്തു നല്‍കും (മത്താ 6:32) എന്നത് തിരുവചന വാഗ്ദാനമാണ്; അനുതപിച്ചുവന്ന ധൂര്‍ത്തപുത്രന്‍റെ ജീവിതത്തില്‍ സംഭവിച്ചത് അതാണ് എന്ന് ഈശോ വ്യക്തമാക്കിയിരിക്കുന്നു. ഈ തിരുവചന വെളിപ്പെടുത്തലുകള്‍ക്ക് അനുസൃതമായാണ് മൗണ്ട് നെബോയിലെ ശുശ്രൂഷകളെല്ലാം ഒരുക്കപ്പെട്ടിരിക്കുന്നത്.
പ്രധാനമായും 3 ദൈവരാജ്യശുശ്രൂഷകളാണ് മൗണ്ട് നെബോയില്‍ പൊതുവായി ക്രമീകരിച്ചിരിക്കുന്നത്. എല്ലാ രണ്ടാം ശനിയാഴ്ചകളിലും നടത്തപ്പെടുന്ന, രാവിലെ 9 മണിക്കാരംഭിച്ച് ഉച്ചകഴിഞ്ഞ് 3 മണിക്കവസാനിക്കുന്ന, ഏകദിന ദൈവരാജ്യപ്രഘോഷണധ്യാനം (ഇതില്‍ സംബന്ധിക്കുവാന്‍ മുന്‍കൂട്ടി പേരു തരേണ്ടതില്ല); പഞ്ചദിന ദൈവരാജ്യാനുഭവധ്യാനം, നവദിന - 9 ദിവസത്തെ - ദൈവരാജ്യാഭിഷേകധ്യാനം (ദൈവരാജ്യാനുഭവധ്യാനം കൂടിയവര്‍ക്കു മാത്രമായിരിക്കും ദൈവരാജ്യാഭിഷേകധ്യാനത്തില്‍ പ്രവേശനമുായിരിക്കുക). അതിന്‍പ്രകാരം, അടുത്ത മൂന്നു മാസത്തെ ശുശ്രൂഷകള്‍ താഴെപ്പറയുംവിധമായിരിക്കും: 2024 April 28 - May 4 2024 May 19 - May 25 2024 June 16 - June 22

ബുക്കിംഗിന്: + 91 98474 72522, +917306371028, +919947114491

For Booking April Retreat ,
please fill the form : Online Retreat Booking Form – April

അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍െറ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. എന്തെന്നാല്‍, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ് (മത്താ 11:28-30) എന്നു പറഞ്ഞുകൊണ്ട് സ്വര്‍ഗീയപിതാവിന്‍റെ വാത്സല്യത്തിലേക്കു നമ്മെ ക്ഷണിക്കുന്ന ഈശോയുടെ അനുഗ്രഹം മൗണ്ട് നെബോ ആബാഭവനത്തിലൂടെ നമ്മുടെ ജീവിതങ്ങളെ ആശ്വാസപ്രദവും മനോഹരവുമാക്കട്ടെ.

ഫാ. തോമസ് വാഴചാരിക്കല്‍, ഡയറക്ടര്‍.