Skip to content
പൈശാചികാടിമത്തങ്ങളില്‍നിന്നു മാമ്മോദീസാവഴി വിടുതല്‍ പ്രാപിച്ച്, ഈശോ പ്രഘോഷിച്ച ദൈവരാജ്യാനുഭവത്തിലേക്കു കടന്നുവരുന്നവരുടെ കൂട്ടായ്മയാണ് തിരുസ്സഭ. അവര്‍ ദൈവാത്മാവിനാല്‍ നയിക്കപ്പെട്ട്, മക്കള്‍ക്കടുത്ത സ്വാതന്ത്ര്യത്തോടെ ദൈവത്തെ ആബാ – പിതാവേ – എന്നു വിളിക്കുവാന്‍ പ്രാപ്തരായി, ഒരു ഹൃദയവും ഓരാത്മാവുമായി (അപ്പ 4:32) ജീവിക്കണം. സകല മനുഷ്യരേയും ഈ ദൈവരാജ്യാനുഭവത്തിലേക്ക് കൈപിടിച്ചാനയിക്കുവാനും, ദൈവമക്കളെന്ന നിലയില്‍ ദൈവത്തിന്‍െറ അവകാശികളും ക്രിസ്തുവിന്‍െറ കൂട്ടവകാശികളും (റോമ 8:17) ആയി അവരെ സംരക്ഷിച്ചു വളര്‍ത്തുവാനുമുള്ള ദൗത്യവും ഉത്തരവാദിത്തവുമാണ് തിരുസ്സഭയുടേത്. തിരുസ്സഭ ആ ദൗത്യം നിര്‍വ്വഹിക്കുന്ന വേദികളാണ് ഓരോ രൂപതയിലെയും ഇടവകകളും, പ്രത്യേകമായി സ്ഥാപിക്കപ്പെടുന്ന മൗണ്ട് നെബോ പോലെയുള്ള വൈവിധ്യമാര്‍ന്ന ശുശ്രൂഷാകേന്ദ്രങ്ങളും.
ശത്രുക്കളില്‍നിന്നും നമ്മെ വെറുക്കുന്നവരുടെ കൈയില്‍നിന്നും വിമോചിതരായി, നിര്‍ഭയം പരിശുദ്ധിയിലും നീതിയിലും എപ്പോഴും അവിടുത്തെ മുമ്പില്‍ ശുശ്രൂഷ ചെയ്യാന്‍ വേണ്ട അനുഗ്രഹം (ലൂക്കാ 1:71-75) നാം പ്രാപിക്കണം; ദൈവമക്കള്‍ക്കടുത്ത സ്വാതന്ത്ര്യത്തോടും അവകാശത്തോടുംകൂടെ ദൈവത്തെ ആബാ – പിതാവേ – എന്നു വിളിക്കുവാന്‍ നമുക്കോരോരുത്തര്‍ക്കും സാധിക്കണം. ഈ കാഴ്ചപ്പാടോടുകൂടെയാണ്, പുത്തനായി ആശീര്‍വദിച്ച ഭവനത്തിന് മൗണ്ട് നെബോ ആബാഭവനം എന്നു നാമകരണം ചെയ്തിരിക്കുന്നത്. സ്വന്തം ആലോചനകളെ പിന്തുടര്‍ന്നു കലഹിച്ചു വഴിതെറ്റി (ഏശ 65:2) പിതാവിന്‍റെ ഭവനം വിട്ടുപോയ ധൂര്‍ത്തനായ പുത്രന്‍ അനുതപിച്ചു തിരിച്ചുവന്നപ്പോള്‍ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു ചുംബിച്ചു സ്വീകരിക്കുന്ന പിതാവാണ് (ലൂക്കാ 15:20) ഈ ആബാഭവനത്തിന്‍റെ ചൈതന്യം. തിരുസഭയിലൂടെ നമുക്കായി തുറക്കപ്പെട്ടിരിക്കുന്ന ആബാ-പിതാവനുഭവത്തിന്‍റെ പശ്ചാത്തലത്തിലാണല്ലോ നാം ആഗോള സഭാതലവനെ പരിശുദ്ധ പിതാവ് എന്നും, രൂപതാദ്ധ്യക്ഷനെ അഭിവന്ദ്യ പിതാവ് എന്നും, വൈദികനെ അച്ചന്‍ എന്നും വിളിക്കുന്നത്.
പന്നിക്കൂട്ടില്‍ കിടന്ന ധൂര്‍ത്തനു എല്ലാവിധത്തിലും ഞെരുക്കവും നിസ്സഹായതയുമായിരുന്നു. പിതാവിന്‍റെ ഹിതം അവഗണിച്ചുനടന്ന് നാമും ധൂര്‍ത്തനെപ്പോലെ നിരവധിയായ ദു:ഖദുരിതങ്ങളില്‍ ചെന്നുപെട്ടിട്ടു്. നമ്മുടെ ഞെരുക്കങ്ങളും പ്രശ്നങ്ങളും പ്രതിസന്ധികളും കുറവുകളും ബലഹീനതകളും പാപങ്ങളും ബന്ധനങ്ങളും എന്തെല്ലാമായിരുന്നാലും, ദൈവത്തിന്‍റെ രാജ്യവും നീതിയും ആദ്യം അന്വേഷിക്കുമ്പോള്‍, നമുക്കാവശ്യമുള്ളതെല്ലാം അവിടുന്നു നമുക്കു കൂട്ടിച്ചര്‍ത്തു നല്‍കും (മത്താ 6:32) എന്നത് തിരുവചന വാഗ്ദാനമാണ്; അനുതപിച്ചുവന്ന ധൂര്‍ത്തപുത്രന്‍റെ ജീവിതത്തില്‍ സംഭവിച്ചത് അതാണ് എന്ന് ഈശോ വ്യക്തമാക്കിയിരിക്കുന്നു. ഈ തിരുവചന വെളിപ്പെടുത്തലുകള്‍ക്ക് അനുസൃതമായാണ് മൗണ്ട് നെബോയിലെ ശുശ്രൂഷകളെല്ലാം ഒരുക്കപ്പെട്ടിരിക്കുന്നത്.
പ്രധാനമായും 3 ദൈവരാജ്യശുശ്രൂഷകളാണ് മൗണ്ട് നെബോയില്‍ പൊതുവായി ക്രമീകരിച്ചിരിക്കുന്നത്. എല്ലാ രണ്ടാം ശനിയാഴ്ചകളിലും നടത്തപ്പെടുന്ന, രാവിലെ 9 മണിക്കാരംഭിച്ച് ഉച്ചകഴിഞ്ഞ് 3 മണിക്കവസാനിക്കുന്ന, ഏകദിന ദൈവരാജ്യപ്രഘോഷണധ്യാനം (ഇതില്‍ സംബന്ധിക്കുവാന്‍ മുന്‍കൂട്ടി പേരു തരേണ്ടതില്ല); പഞ്ചദിന ദൈവരാജ്യാനുഭവധ്യാനം, നവദിന – 9 ദിവസത്തെ – ദൈവരാജ്യാഭിഷേകധ്യാനം (ദൈവരാജ്യാനുഭവധ്യാനം കൂടിയവര്‍ക്കു മാത്രമായിരിക്കും ദൈവരാജ്യാഭിഷേകധ്യാനത്തില്‍ പ്രവേശനമുായിരിക്കുക). അതിന്‍പ്രകാരം, അടുത്ത മൂന്നു മാസത്തെ ശുശ്രൂഷകള്‍ താഴെപ്പറയുംവിധമായിരിക്കും: 2024 Oct 20-26, Nov 10-16, Dec 26 – Jan 1

For Retreat booking, please click on the links below:


(2024 Sept 15 – Sept 21),
Online Retreat Booking Form – September

(2024 Oct 20 – Oct 26)
Online Retreat Booking Form – October

(2024 Nov 10 – Nov 16)
Online Retreat Booking Form – November

If you have any further queries –  + 91 98474 72522, +91 73063 71028, +91 99471 14491.

അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍െറ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. എന്തെന്നാല്‍, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ് (മത്താ 11:28-30) എന്നു പറഞ്ഞുകൊണ്ട് സ്വര്‍ഗീയപിതാവിന്‍റെ വാത്സല്യത്തിലേക്കു നമ്മെ ക്ഷണിക്കുന്ന ഈശോയുടെ അനുഗ്രഹം മൗണ്ട് നെബോ ആബാഭവനത്തിലൂടെ നമ്മുടെ ജീവിതങ്ങളെ ആശ്വാസപ്രദവും മനോഹരവുമാക്കട്ടെ.

ഫാ. തോമസ് വാഴചാരിക്കല്‍, ഡയറക്ടര്‍.